
ചെങ്ങന്നൂർ: നാടിന്റെ കാവലാളായി ജനമനസുകളിൽ ഇടംനേടിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് ജീവനും ജീവിതത്തിനുമിടയിലെ നേർത്ത വരയിൽ പോരാടുകയാണ്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിനാണ് ഈ ദുരിതയോഗം. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രജിത്തിന്റെ ജീവൻ നിലനിർത്താൻ അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണം. എന്നാൽ അതിനായി വേണ്ടിവരുന്നത് ഏകദേശം 50 ലക്ഷം രൂപയെന്ന വൻ തുകയാണ്.
സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. പ്രജിത്തിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഇപ്പോൾ നാടൊന്നാകെ കൈകോർക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ദിവസത്തെ മുഴുവൻ വരുമാനവും ചികിത്സാനിധിയിലേക്ക് നൽകിക്കൊണ്ട് മാന്നാർ റൂട്ടിൽ ഒരു കാരുണ്യ യാത്രയ്ക്ക് തുടക്കമിടുകയാണ് സ്വകാര്യ ബസ് ഉടമയും നാട്ടുകാരും.
ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ ഓടുന്ന അശ്വതി ട്രാവൽസ് എന്ന ബസിലാണ് വെള്ളിയാഴ്ച
ഈ കാരുണ്യ സർവീസ് നടക്കുക. യാത്രക്കാർ നൽകുന്ന ടിക്കറ്റ് തുകയും, ഉദാരമനസ്കരായ മനുഷ്യർ നൽകുന്ന സഹായങ്ങളും പൂർണമായും പ്രജിത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കൈമാറും.
നമ്മുടെ സഹോദരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് ബുധനൂർ അശ്വതി ടൂറിസ്റ്റ് ആൻ്റ് ട്രാവൽസ് ഉടമകളായ അരുണും തരുണും പ്രോഗ്രാം കോ-ഓർഡിനേറ്റർ ബാലു ശ്രീകുമാറും പറഞ്ഞു.
ചെറിയൊരു സഹായം ഒരു കുടുംബത്തിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്.
ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും ഈ കാരുണ്യ യാത്രയുമായി പരമാവധി സഹകരിച്ച് പ്രജിത്തിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ പങ്കാളികളാകണമെന്നാണ് സംഘാടകരുടെയും സഹപ്രവർത്തകരുടെയും അഭ്യർഥന










